അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കർണാടക വിജയിച്ചത്.
കേരളം ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ കർണാടക മറികടന്നു. ദേവ്ദത്ത് പടിക്കലിന്റെയും കരുൺ നായരുടെയും സെഞ്ചുറികളുടെ മികവിലാണ് കർണാടക മികച്ച വിജയം സ്വന്തമാക്കിയത്.
130 റൺസെടുത്ത കരുൺ നായരാണ് കർണാടകയുടെ ടോപ്സ്കോറർ. 130 പന്തിൽ 14 ബൗണ്ടറി അടങ്ങുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്സ്. ദേവ്ദത്ത് പടിക്കൽ 124 റൺസെടുത്തു. 12 ബൗണ്ടറിയും മൂന്ന് സിക്സും താരം അടിച്ചെടുത്തു.
സ്മരൻ രവിചന്ദ്രൻ 25 റൺസ് സ്കോർ ചെയ്തു. കേരളത്തിന് വേണ്ടി എം.ഡി. നിതീഷും അഖിൽ സ്കറിയയും ഓരോ വിക്കറ്റ് വീതം എടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 284 റണ്‍സെടുത്തു. ബാബ അപരാജിതും മുഹമ്മദ് അസ്ഹറുദ്ദീനും അർധ സെഞ്ചുറി നേടി. 62 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 71 റണ്‍സാണ് അപരാജിതിന്റെ ബാറ്റിൽനിന്നും പിറന്നത്.
മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ 58 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്തു. എം.ഡി. നിതീഷ് പുറത്താകാതെ 34 റണ്‍സും നേടി. അഖിൽ സ്കറിയ 27 റണ്‍സും വിഷ്ണു വിനോദ് 35 റണ്‍സുമെടുത്തു. നായകൻ രോഹൻ കുന്നുമ്മൽ 12 റണ്‍സും സ്കോർ ചെയ്തു. മറ്റാരും രണ്ടക്കം കടന്നില്ല.
കർണാടകയ്ക്കായി അഭിഷേക് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റും നേടി.